അമ്മയും മകനും

ഈ അമ്മയെന്തിനാണ്

പൊക്കവും, തടിയും കൂടുതലുള്ള

മകന്റെ കൈ

കക്ഷത്തിലിറുക്കിപ്പിടിച്ച്

ഡിവൈഡറിലൂടെ

വലിച്ചു നയിക്കുന്നത്?


അയ്യോ

മീശയുണ്ട്, ഊശാന്താടിയുണ്ട്

എന്നിട്ടും

സ്കൂൾ യൂണിഫോമിലാണ്.

തല ഇടയ്ക്കിടെ

വശത്തേക്ക് ചരിയുന്നുണ്ട്

നാക്ക് പുറത്തേക്ക് നീളുന്നുണ്ട്.

കടവായിലൂടെയിറ്റുന്ന ഈള

അമ്മ തുടക്കുന്നുണ്ട്.


അമ്മയുടെ മുഖത്ത് കട്ടിമാറാലയുണ്ട്.

വിലയുള്ളതെങ്കിലും ഇസ്തിരി കണ്ടിട്ടില്ല.

ഗർഭപാത്രത്തിന്റെ ദോഷമെന്ന് പഴി കേട്ടിരിയ്ക്കാം.

ബാങ്ക്ജോലി രാജിവെക്കേണ്ടി വന്നിരിക്കാം.


പാത മുറിച്ചു കടക്കുമ്പോൾ വന്ന വേഗവണ്ടി,

ക്രൂസിലാവണം, നിർത്തിയില്ല.

വീണത്‌ അമ്മയാണ്.

മകന്റയുള്ളിൽനിന്ന്

ഉറക്കെയൊരു വികൃതശബ്ദം;

പ്രതിഷേധമോ

പ്രതികാരമോ

പ്രരോദനമോ?


കരുണയുള്ള കാറുകൾ

മുട്ടാതെ ഒഴിഞ്ഞുപോയി,

വേഗത്തിൽ.

വഴിപോക്കരും.


പൊക്കത്തടി അനായാസം

അമ്മയെ തോളിലേറ്റി

വീട്ടിലേക്കു നടന്നു.


2

സൗഹൃദമില്ലാത്ത അയൽക്കതകിൽ

ആഞ്ഞ് മുട്ടിയിരിക്കാം.

“സമയത്തിനെത്തിച്ചതിനാൽ”

എന്ന് ഡോക്ടർ അഭിനന്ദിച്ചിരിക്കാം.


3

എനിക്കുമുണ്ട് ഇതിലും വലിയ പൊക്കവും തടിയും,

മറുനാട്ടില്‍.

10 views0 comments

Recent Posts

See All