എഡിറ്റോറിയൽ (ഓഗസ്റ്റ് മാസം)

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത്യമെന്ത്? വായനയുടെ രീതികൾ മാറുകയാണ്. സാങ്കേതിക വിദ്യ സദാ വളരുകയാണ്. ടെക്നോളജി കവിതയ്ക്കു അന്യമോ അപ്രാപ്യമോ ആകരുത്. ഇത് മലയാളകവിതയുടെ നാളത്തെ മുഖം. കവിതകൾ അയച്ചുതന്ന എല്ലാ സുഹൃത്തുക്കളും ഈ ഉദ്യമത്തെ മനസ്സ് കൊണ്ട് ആശീർവദിച്ചവർ. അവർ സഹയാത്രികർ. ആദ്യ ലക്കത്തിന് പരിമിതികളും പോരായ്മകളും കാണുമെന്നുറപ്പാണ്. അവയെല്ലാം കാട്ടിത്തരൂ; തിരുത്താം. പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കു വയ്ക്കൂ. പുതിയ കവിതകൾ അയച്ചു തരൂ. വരും ലക്കങ്ങളിൽ കവികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്താം. കവിതകൾ ഓഡിയോ ഫയലായി തന്നാൽ അതും ചേർക്കാം. കവിതാപഠനങ്ങളും (കവിതാ)പുസ്തകപരിചയവും കവികളുമായുള്ള അഭിമുഖങ്ങളും കവിതാസംബന്ധിയായ ലേഖനങ്ങളും പരിഭാഷകളും ഉൾപ്പെടുത്താം. ഈ ഓൺലൈൻ കവിതാ മാസികയ്ക്കു ആശയപരമായ ചായ്‌വുകളോ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ഇല്ല. ഈ മാസിക ആഘോഷിക്കുന്നത് മലയാള കവിതയുടെ വൈവിദ്ധ്യം; കവിവചനത്തിൻറെ ധീരത; സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം. മലയാളകവിത.കോമിനോപ്പം സഞ്ചരിക്കാൻ അനേകം കവികളും അനേകായിരം കവിതാസ്വാദകരും ലോകത്തെമ്പാടും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. യാത്ര തുടങ്ങുകയാണ്. കവിതയിൽ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ഇലക്ട്രോണിക് മാസിക പങ്കു വയ്ക്കുക. നമ്മുടെ കാവ്യ യാത്രയിൽ വിസ്മയങ്ങളും കണ്ടെത്തലുകളും ആഹ്ലാദങ്ങളും ധാരാളമായി ഉണ്ടാകും; ഉണ്ടാകണം.


കെ. ജയകുമാർ

എഡിറ്റർ

10 views0 comments

Recent Posts

See All