എഴുത്ത് നിർത്തിക്കാൻ

അടിക്കണ്ട, തൊഴിക്കണ്ട വാടകഗുണ്ടകളെ ഏർപ്പാടാക്കണ്ട പുറകിൽനിന്നാക്രമിക്കണ്ട വെടിവെക്കണ്ട ആസിഡ് ഒഴിക്കണ്ട ഇരുട്ടടി വേണ്ട മുഖം കറുപ്പിക്കുക കൂടി വേണ്ട. നിങ്ങളവളുടെ ഭർത്താവാണോ ? കവിത പ്രസിദ്ധീകരിച്ചുവെന്നറിയിക്കാൻ ധൈര്യപ്പെടാതെ അവൾ ചിലപ്പോഴാ ആനുകാലികം മേശപ്പുറത്ത് ആർക്കും വായിക്കാവുന്ന പോലെ വെച്ചിരിക്കാം. അങ്ങോട്ടു നോക്കുകയേ അരുത്. മുകളിൽ നിന്ന് വീണ ഒരു പാറ്റയോടോ ജനലിലൂടെ പാറി വന്ന കരിയിലയോടോ ഉള്ള അവജ്ഞയോ അവഗണനയോ അതിനോട് കാണിക്കുകയോ അല്ലെങ്കിൽ വായിച്ചു കഴിഞ്ഞ പത്രം വെക്കുന്നിടത്തിടുകയോ ചെയ്യുക. എന്നിട്ടും ഒരുപക്ഷേ ചെറിയ ശങ്കയോടെ "അതിലെൻ്റെ ..." എന്നവൾ പറയാൻ ശ്രമിക്കുമ്പോൾ കേട്ടതായിപ്പോലും ഭാവിക്കാതിരിക്കുക. ആവർത്തിച്ചാൽ കൺകോണിളക്കാതെ, ഒരു കൗതുകവും വരുത്താതെ പതുക്കെ ഒന്നു മൂളുക. നിങ്ങളൊരു നിരൂപകനാണോ? അവളുടെയൊഴികെയുള്ള മറ്റെല്ലാ കവിതകളെയും കുറിച്ച് തുടർച്ചയായി എന്തെങ്കിലുമെഴുതുക. അവളുടേതിനേക്കാൾ മോശമെന്നുറപ്പുള്ളവയെ വാനോളം പുകഴ്ത്തുക.

ആധുനികോത്തരം , നവലിബറൽ, അടയാളപ്പെടുത്തൽ

പരിപ്രേക്ഷ്യം , ബിംബസമൃദ്ധം, കാലത്തോടുള്ള സംവേദനം​ അരികുവൽക്കരിക്കപ്പെടൽ , ശാക്തീകരണം എന്നൊക്കെ​

പറയാൻ മറക്കാതിരിക്കുക ഇങ്ങനെയൊരാളോ ഇങ്ങനെയൊരു എഴുത്തോ ഉള്ളതായി നടിക്കാതിരിക്കുക. നിങ്ങൾക്കവളോട് അസൂയയുണ്ടോ? എന്നാലേറ്റവും എളുപ്പമായി. കവിതയെച്ചൊല്ലി നേരം കളയണ്ട ഏതെങ്കിലും സൗഹൃദ സംഭാഷണങ്ങളിൽ പ്രത്യേകിച്ചും പെൺകവികളോട് പത്രാധിപരെ വശീകരിച്ചാണവളുടെ പടപ്പുകൾ വരുന്നതെന്ന് ഒന്നഭിപ്രായപ്പെടൂ; മിക്കവാറും അതവളുടെ ചെവിയിൽ ഒരു ദിവസത്തിനകമെത്തും അവളൊന്നു വിഷമിക്കും, പിന്നീടയക്കാൻ മടിക്കും. ഇതുകൊണ്ടൊന്നും കാര്യം നടന്നില്ലെങ്കിൽ നിരാശ വേണ്ട സവർണ്ണത, ഫാസിസം, യുജിസി, അരാഷ്ട്രീയം, തൊലി വെളുപ്പ്, തലക്കനം, സ്വാധീനം എന്നീ വാക്കുകൾ തരം പോലെ ഉപയോഗിക്കാം. ഒന്നിച്ചാകരുത് എന്നു മാത്രം എല്ലാം തികഞ്ഞവളെന്ന് തോന്നാതിരിക്കാൻ അവിടെയും ശ്രദ്ധിക്കണം. ഒരുവിധപ്പെട്ട എഴുത്തൊക്കെ ഇതുകൊണ്ട് അവസാനിക്കും . പിന്നെയുമവളെഴുത്തു നിർത്തിയില്ലെങ്കിൽ അത് വേറെ ലെവലാ എന്ന് വിചാരിച്ചോ. പിന്നേ.. എനിക്കൽപ്പം തിരക്കുണ്ടിഷ്ടാ... വേറെ ചില കുളങ്ങൾ കൂടി കലക്കാനുണ്ട്.

54 views0 comments