ഒന്ന്‌ പത്തു മണി കഴിഞ്ഞോട്ടെ

എന്റെ കാറിന്റെ ഡിക്കി തുറന്ന്

അച്ഛനെ വലിച്ചെടുത്തു

സ്‌ട്രെച്ചറിൽ കേറ്റി

പള്ളിയുടെ പിൻമുറിയിൽ

റോസാപ്പൂക്കൾ കൊണ്ടലങ്കരിക്കാൻ

അച്ഛനെ ആ കോൺട്രാക്ട്കാരിയെ ഏല്പിച്ചു .

നാലാള് കാണാൻ വരുമ്പോൾ

അച്ഛൻ വെൽ ഡ്രെസ്സ്‌ഡ് ആയിരിക്കണ്ടേ .

ഇനി അച്ഛൻ മെയിൻ ഹാളിൽ വെളിക്കെറങ്ങത്തില്ല

ടീവി ടെ മുമ്പിൽ എല്ലാരും കാണക്കെ

മുണ്ടു പൊക്കി മൂത്രമൊഴിക്കത്തില്ല

വെറുതെ ബാക്കിയുള്ളവരുടെ

ഉറക്കം കെടുത്തി

അർദ്ധരാത്രി അലറി വിളിക്കത്തില്ല

ഡൈനിങ്ങ് ടേബിളിൽ മറന്നു വെക്കുന്ന

പിക്കിൾ ജാറിൽ വിരലിട്ടു നക്കില്ല

ഇനി അച്ഛനെ ഫയർ ചെയ്തു

വലിച്ചിഴച്ചു് കക്കൂസിൽ കൊണ്ടിരുത്തണ്ട

കാര്യമില്ല

ഒന്ന്‌ പത്തു മണി കഴിഞ്ഞോട്ടെ

അച്ഛനെ അടക്കിയിട്ടു വരാം

മുറിയെല്ലാം ഒരു കുപ്പി ഡെറ്റോളും

ഫിനൈലും വാങ്ങി

മെയിൻ വാൾ കെയർഫുൾ ആയി ഡ്രിൽ ചെയ്തു

അച്ചന്റെ പണ്ടത്തെ ഒരു പുഞ്ചിരിക്കുന്ന പടം

തൂക്കണം.

എന്നിട്ടു വേണം

മെയിൻ റൂം ഫ്ലോർ

ലേറ്റസ്റ്റ് ഇറ്റാലിയൻ മാർബിൾ പാകാൻ.

ഒന്ന്‌ പത്തു മണി കഴിഞ്ഞോട്ടെ

അച്ഛനെ ഒന്നടക്കിക്കോട്ടെ.

24 views0 comments

Recent Posts

See All