ഓണം വരുമ്പോൾ
ഓണമായെന്നു ചൊല്ലുവതാരോ?
ഓമൽ ചിങ്ങപ്പുലരൊളിയാണോ?
ഓർമപെയ്യുന്ന നെഞ്ചകമാണോ?
ഓടിയെത്തുന്ന മോഹങ്ങളാണോ?
തുമ്പ തൂകുന്ന പുഞ്ചിരിയാണോ?
തുമ്പി തുള്ളുന്ന ഇമ്പങ്ങളാണോ?
മുത്തൊളിപ്പൂവിതളുകളാണോ?
മുക്കുറ്റിതൻമഞ്ഞമാധുരിയാണോ?
പൂവിറുക്കുന്ന കുട്ടികളാണോ?
പൂമണക്കുന്ന പാട്ടുകളാണോ?
അമ്പിളിച്ചിരി മാനത്തു നിന്നും
അമ്പയക്കുന്ന രാത്രികളാണോ?
അമ്മ പാടുന്ന താളത്തിലാരോ
ഉമ്മ വെക്കുന്ന രാഗമതാണോ?
പാടമാകെപ്പറക്കുന്ന പച്ച -
പ്പൈങ്കിളി തൻറെ പല്ലവിയാണോ?
മാബലിക്കാലമോർമയിൽ നിന്നും
മണ്ണിനെത്തൊട്ടുണർത്തുകയാണോ?
ഭേദചിന്തകളില്ലാത്ത, നാടിൻ
ഭാവിയോർക്കുന്ന സ്വപ്നങ്ങളാണോ?