ഓർമ്മകളിൽ

ഒരു തുണ്ടാകാശം

കൊണ്ടുവന്നവനെ

സ്വപ്നങ്ങളുടെ

കളിത്തോഴനെന്നു വിളിക്കുക

കാടുകൾക്ക്

ഒരു പക്ഷിത്തൂവൽ

സംഭാവന ചെയ്തവനെ

കവിതയുടെ

തീർത്ഥാടകനെന്നു വിളിക്കുക

വേനൽക്കാറ്റിന്‌

വേദനയുടെ

പരിമളം പകർന്നവനെ

വീണപൂവിൻറെ

ഇതിഹാസമെന്നു വിളിക്കുക

പുഴയ്ക്കു

കടലിൻറെ

പുരാവൃത്തം പറഞ്ഞുകൊടുത്തവനെ

പൂഴിയുടെ

പ്രവാചകനെന്നു വിശേഷിപ്പിക്കുക

കടിപ്പല്ലുകളോട്

നിത്യവും കലഹിച്ചിട്ടും

വാക്കിൻറെ കല്ലും

കഴുമരവും തേടാത്തവനെ

കരുണയുടെ സാഹസികനെന്നു വിളിക്കുക

ചോരയുടെ

ദിവ്യമായ രഹസ്യ വഴിയിൽ

ഹൃദയത്തിൻറെ

വാതിൽ തുറക്കുന്നവനെ

പരിചയമില്ലാതെ

കണ്ണടച്ച് പായുന്നവനെ

തൽക്കാലം ഒന്നും വിളിക്കാൻ

എനിക്ക് അർഹതയില്ല !

201 views2 comments