വീണ്ടും കാണുവാൻ

ഇനിഒരിക്കലും, ഒരിക്കലും കാണില്ലെന്നോ?

നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന രാത്രികളിലും,

ഉഷസ്സിൻറെ ആദ്യകിരണങ്ങളിലും,

സന്ധ്യയുടെഹോമകുണ്ഡങ്ങളിലും,

എവിടെയും?


അല്ലെങ്കിൽ,

ഇരുണ്ട പാടവരമ്പിനറ്റത്തോ?

അതോ, നിലാവിൽകുളിച്ചു്

ഇടറുന്ന നീർച്ചാലിനോരത്തോ?


കാടിൻറെ അഴിച്ചിട്ട നിബിഡമായ,

തലമുടിച്ചുരുളുകൾക്കിടയിലും,

എൻറെ വിലാപം മാറ്റൊലിക്കൊള്ളുന്ന ഗുഹകളിലും,

അവനെത്തേടി ഞാനോടി നടക്കുമ്പോൾ,

രാത്രിയും കടന്നുപോയോ?


അയ്യോ! ഒരിക്കലെങ്കിലും, എവിടെയെങ്കിലും

അവനെക്കാണുവാൻ?


സ്വർഗ്ഗത്തിലെ നിശ്ചലഗർത്തത്തിലായാലും

തിളങ്ങുന്ന നിലാവിൽ

തിളയ്ക്കുന്ന നീർച്ചുഴികളിലായാലും

ഭീതികൊണ്ടു വിളറിയ മുഖങ്ങളിലായാലും


ഓരോവസന്തത്തിലും, ഹേമന്തത്തിലും,

അവനോടൊന്നിക്കുവാൻ…


തീവ്രവേദനയോടെ, ചോരയൊലിച്ചു്

പിടയുന്ന അവൻറെ കഴുത്തിലെ

ഒറ്റക്കുരുക്കിലൊന്നിക്കുവാൻ!


*****പരിഭാഷ : ആമി ലക്ഷ്‌മി*****


(സാഹിത്യത്തിനുള്ള നോബൽസമ്മാനം നേടിയ ചിലെയിലെ ഏകവനിതയും (പാബ്ലോ നെരൂദയുടെ അദ്ധ്യാപികയുമായ ഗബ്രിയേലാ മിസ്‌ട്രാൽ (Gabriela Mistral) 1889ഏപ്രിൽ മാസത്തിൽ ജനിച്ചു, 1957 ജനുവരിയിൽ നിര്യാതയായി. നയതന്ത്രജ്ഞയായിരുന്ന മിസ്ട്രാളിൻറെ കവിതകളിൽ മാതൃത്വം, ദയ, കുഞ്ഞുങ്ങൾ, പ്രകൃതി, ആത്മീയതഎന്നിവ നിറഞ്ഞു നിൽക്കുന്നു. )

5 views0 comments

Recent Posts

See All