വിരലുകൾ ഒരു മൺകുടത്തെ വായിക്കുമ്പോൾ

വിരലുകൾ ഒരു മൺകുടത്തെ വായിക്കുന്നു. അനാദിയായ കാലപ്രവാഹത്തെ മാത്രകളിൽ മെരുക്കി അക്ഷരപ്പരുവമാക്കുന്നു. ഉള്ളിലെ ശൂന്യതയിൽ നിന്ന് ആദിതാളമുണരുന്നു. മാനാമധുരയിലോ മദിരാശിയിലോ തഞ്ചാവൂരിലോ ഏതോ കുംഭാരക്കോളനിയിൽ വിശപ്പുണ്ണുന്ന കൈകൾ മണ്ണുകുഴയ്ക്കുന്നു വെള്ളവും വിയർപ്പും പാകംപോലെ ചേർത്ത് ജീവിതം ചുട്ടെടുക്കുന്നു പൊരുളറ്റ പാട്ടിൽ നിന്ന് ശ്രുതിയും നാദവും ഊറ്റിയെടുത്ത് പൊട്ടിപ്പോകാതെ ചേർത്തുവെക്കുന്നു. ആദിയിൽ നിന്ന് അനേകങ്ങളായി ഇതൾ വിരിയുന്ന താളഗോപുരങ്ങളെ വർണ്ണിക്കുകയാണ് ഇപ്പോൾ വിരലുകൾ മണ്ണുടലിന്റെ തണുത്ത മൗനത്തെ സർവ്വലഘുക്കളായ് പടർത്തുന്നു മുക്തായിപ്പുകളിൽ തീർപ്പുകല്പിക്കുന്നു കൂട്ടിയും കുറച്ചും കാലപ്രമാണങ്ങളിൽ കവിത രചിക്കുന്നു. വിരലുകൾ മൺകുടത്തെ വായിക്കുമ്പോൾ ഏതോ പുരാതന സംസ്കൃതിയുടെ മൃൺമയഭാഷ ഹൃദയഭിത്തിയിൽ തെളിഞ്ഞു വരുന്നു വിരലുകൾ കളിമണ്ണിനെ വായിക്കുമ്പോൾ കീറിയ ചേലയും മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി ഒരോർമ്മ മണ്ണിന്റെ വില ചോദിച്ചു വരുന്നു: മണ്ണല്ലേ നിങ്ങൾക്കു ഞാൻ തന്നത്? ശ്രുതിയും താളവും പിഴയ്ക്കാതിരിക്കാൻ കഷ്ടപ്പെടുന്ന ഒരുജനത ഉടഞ്ഞു പോകാത്ത ജീവിതത്തിന് വിലപേശുന്നു ഉയിരല്ലേ, നിങ്ങൾക്കുഞങ്ങൾ തന്നത്? (കടപ്പാട് - വിശ്രുതഘടവാദകൻ വിക്കുവിനായക്റാമിന്റെ വാദനത്തോട്, പി. സുരേന്ദ്രന്റെ കളിമണ്ണിന്റെ സുവിശേഷം എന്ന കഥയോടും)

43 views0 comments