കുളി
സഹോദരാ... അറിയാമോ ? ബലാൽത്സംഗത്തേക്കാൾ ഞങ്ങൾ പേടിക്കുന്ന ഒന്നുണ്ട്. അതു കഴിഞ്ഞുള്ള കുളി. തലയിൽ നിന്നും ചാലിട്ടൊഴുകുന്ന ജലം കാൽക്കുഴിയിലേക്ക് ഇറങ്ങുമ്പോൾ ഹൊ... ഒരു പുകച്ചിലുണ്ട്... ആദ്യത്തെത്തുള്ളിയിൽ തന്നെ നമ്മൾ കാൽക്കുഴിയിലെ ആ പുകച്ചിലിലേക്ക് കൂന്നു പോകും... നമ്മൾ ഒരു പുകച്ചിൽ മാത്രമാകും.. പുകഞ്ഞു പുകഞ്ഞു ഒടുവിൽ കുളിമുറിക്ക് തീപിടിക്കും, വീടും നാടും നഗരവും തീ പിടിക്കും. ഭയന്നോടുന്ന വസ്ത്രങ്ങളിൽ തീ പിടിക്കും കുളമായ കുളവും കിണറും പുഴയും കായലും കടലും തീ പിടിക്കും. സഹോദരാ... ചിലപ്പോൾ നിങ്ങളുടെ മദപ്പെടാപ്പാടിൽ ഞങ്ങൾ ഞെരിഞ്ഞമരും കൊരവള്ളി പൊട്ടി ശ്വാസം മുട്ടി മരിക്കും. വെട്ടിക്കൂട്ടി തീയിടാൻ നിങ്ങൾ മടിക്കുകയില്ല എന്നാൽ ഞങ്ങളിൽ ചിത നീറിപ്പിടിക്കാൻ മടിക്കും മനസ്സാക്ഷി കെട്ട് നിങ്ങളിലേക്കവ ആളും തിരിഞ്ഞോടുന്ന മനസ്സിന് തീപിടിക്കും സ്വർഗ്ഗത്തിനും നരകത്തിനും തീപിടിക്കും ചവിട്ടുന്ന ഓരോ ഇടത്തിനും തീപിടിക്കും
സഹോദരാ.... അപ്പോൾ ഒന്ന് കുളിക്കാൻ നിങ്ങൾ ദാഹിക്കും.