അലകടല്‍ത്തിരകള്‍ത-

ന്നാര്‍ത്തനാദം പോ-

ലമ്മ വന്നെന്നെ വിളിക്കുന്നിടയ്ക്കിടെ

ഇടനെഞ്ചിലിടവിടാ-

തെത്തുന്നി,തോര്‍മ്മക-

ളിടിവെട്ടിപ്പെയ്യും തുലാവര്‍ഷമെന്നപോല്‍


അന്‍പറ്റ്‌ നടതള്ളി-

യന്നൊരാസന്ധ്യയി-

ലമ്പലനടയില്‍ഞാ,നെന്‍പെറ്റതള്ളയെ

വ്രതമിരു,ന്നേറെ നാള്‍

ദേഹവും ദേഹിയും

സുഖമായിവാണൊരാ പുണ്യാശ്രമത്തിനെ!

വറ്റ്‌ വാരിത്തന്ന്‌

കാടിമാത്രം കുടി-

ച്ചെന്നെ ഞാനാക്കിയ സഹനത്തിടമ്പിനെ

വസതിയിലെത്തുവാന്‍

വൈകിയാലോ വഴി-

ക്കണ്ണുമായ്‌ നില്‍ക്കുന്ന വാത്സല്യധാമത്തെ!


നിഴലുപോലെപ്പെഴും

കൂടെ നില്‍ക്കുന്നവര്‍

നിനവിലെത്താറില്ല; കനവില്‍പ്പോലും

നിഴല്‍ മാഞ്ഞുപോകിലോ

പിടിവള്ളിയാകുവ-

തഴലിന്‍ കിനാവള്ളിമാത്രമാകും


സ്വസ്ഥതയ്ക്കായ്‌ ചെയ്ത

പാതകം തന്നതി-

ന്നസ്വസ്ഥതയുടെ ശരപഞ്ജരം

നുരയുന്ന വേദനാ-

ലഹരിയില്‍ രാപ്പകല്‍

പുകയും മനസ്സുമായലയുന്നു ഞാന്‍...


കണ്ടുവോ? നിങ്ങളെ-

ന്നമ്മയെ, കാണുകി-

ലിക്കശ്മലനെ ശപിക്കാന്‍ പറയണേ!20 views0 comments

Recent Posts

See All